2023 മേയ് 26, വെള്ളിയാഴ്‌ച

അവൻ

ഓരോ ചുംബനങ്ങൾ അവനിൽ നിന്നും ഏറ്റു വാങ്ങുമ്പോളും ഓരോ മിന്നൽപിണരുകൾ അടിവയറ്റിലൂടെ കടന്നു പോകുന്നത് അവൾ അറിഞ്ഞിരുന്നു. അത്രമേൽ തണുത്തുറഞ്ഞ ശൈത്യം ഹൃദയത്തിൽ പേറി നടന്നവളോട് നീ പ്രണയിക്ക് പെണ്ണേ എന്ന് പറഞ്ഞവൻ. ആ മഞ്ഞുരുകി അവളൊരു കടലായി മാറുമ്പോൾ ഒക്കെയും കൂടെ പ്രണയാഗ്നിയായി അവളെ കടലാക്കി നിലനിർത്തിയവൻ.

അവനു വേണ്ടി മാത്രമെഴുതാൻ അക്ഷര ദാരിദ്ര്യം അനുഭവിച്ചവൾ. അവൻ പഠിപ്പിച്ചത് അവനെ പ്രണയിക്കാൻ മാത്രമായിരുന്നില്ല. ഈ ലോകത്തെ മുഴുവനും സ്നേഹിക്കണമെന്നും  ഓരോരുത്തർക്കും അർഹിക്കുന്നത് നൽകണമെന്നും പിന്നെ നിന്നെ ലോകം ഇഷ്ടപ്പെടാൻ നീയെന്തു ചെയ്യണമെന്നുമൊക്കെ ആയിരുന്നു.

സ്നേഹചുംബനവൻ മൂർദ്ധാവിൽ നൽകുമ്പോൾ അവളൊരു കുട്ടിയായി മാറി. പിന്നെയവൻ ചുണ്ടിൽ ചുംബിച്ചവളെ കാമുകിയാക്കി.മെല്ലെ മെല്ലെ ജീവിതസഖിയും ഭാര്യയും അമ്മയുമൊക്കെയായി മാറുമ്പോൾ അവനായി തന്നെ മാറ്റപ്പെടുകയായിരുന്നു അവളും.

വളരെ തിരക്കുള്ള വഴിയിലൂടെ അവന്റെ ചെറു വിരൽ പിടിച്ചു നടന്നു പോകുന്നതും, ആരുമില്ലാത്ത വഴിയിൽ അവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതും, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ അവനുമായി രതിയിലേർപ്പെടുന്നതും അവളുടെ കേവല ദിവാസ്വപ്നങ്ങൾ മാത്രമായിരുന്നില്ല. ജീവിക്കാൻ അവൾ കണ്ടെത്തിയ പ്രതീക്ഷാ നാളങ്ങളായിരുന്നു.

എഴുതാൻ മടിച്ചവൾക്ക് എഴുതി തീർക്കാനാവാത്ത പ്രണയ കാവ്യമായി അവൻ. ഒടുവിലൊരു ദിനം അവൻ അവളുടെ അരികിലെത്തുമ്പോൾ പറയാൻ ഇനിയും പറഞ്ഞു തീരാത്ത ഒരു രഹസ്യം അവളിന്നും സൂക്ഷിക്കുന്നുണ്ട്. പുതുമണം മാറാതെ അന്നും അവൾ അവനോടു മെല്ലെ ചെവിയിൽ പറയും " ഞാൻ നിന്നെ പ്രണയിക്കുന്നു എന്റെ ആത്മാവിനേക്കാൾ..എന്നേക്കാൾ ...നീയെന്നെ സ്നേഹിക്കുന്നതിലപ്പുറം " അന്നും അവൻ ഇന്നത്തെപ്പോലെ മെല്ലെ ചിരിക്കുമായിരിക്കാം 

2022 ജൂൺ 28, ചൊവ്വാഴ്ച

പെണ്ണ്

  ലിംഗനിർണയം നടത്താനാവാതെ 

ഭ്രൂണഹത്യയിൽ ഒടുങ്ങാതെ പിറന്ന പെണ്ണ് 


കാലം ആണത്തം വെച്ച് നീട്ടിയപ്പോൾ 

ഉള്ളിൽ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞ പെണ്ണ് 


അവൾ പെണ്ണായി എന്നൊരിക്കൽ മാത്രം കേട്ട

ആണായി ജീവിച്ച പെണ്ണ് 


പ്രാരാബ്ധഭണ്ടാരം ശിരസ്സിലേറ്റി സ്വയം 

കരുത്താർജ്ജിച്ചു ജീവിച്ച പെണ്ണ് 


എടിയെന്ന് വിളി കേൾക്കാൻ മോഹിച്ചപ്പോളൊക്കെ 

എടാ വിളിയിൽ തകർന്ന പെണ്ണ് 


പെണ്ണാവാൻ മോഹിച്ചവൾ പക്ഷെ 

പെണ്ണായി മാത്രം ജീവിക്കാത്തവൾ 


ഇന്നവൾ ശിരസ്സുയർത്തി നാണം മറന്നു 

പുരുഷത്വം കൈക്കൊണ്ടു മെല്ലെ മെല്ലെ 


പെണ്ണല്ല ഞാൻ എന്നുറക്കെ പറഞ്ഞ് 

ഉള്ളിലെ പെണ്ണിനെ ഹോമിച്ചവൾ  

2019 ഏപ്രിൽ 3, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം ..
ആരോ വലിച്ചെറിഞ്ഞതാവാം
അതോ മനപ്പൂര്‍വ്വം കൊണ്ടിട്ടതോ ?
ഏതോ കാറ്റ് പ്രണയപൂര്‍വ്വം തന്ന
സ്നേഹഫലത്തെ പൊഴിച്ചിട്ടതും
ദൂരെയവന്‍ എന്നെപ്പോലെയാവാം
വളരുന്നതെന്നോര്‍ത്ത് ആശ്വസിച്ചും

ഒറ്റമരം
വെയില്‍ച്ചൂടും പൊടിക്കാറ്റും
മഞ്ഞും മഴയുമേറ്റ്
നിനക്കുവേണ്ടി മാത്രമെന്നുറക്കെ
കരഞ്ഞു കരഞ്ഞ് ഒടുവില്‍ തളര്‍ന്നും
എവിടെയോ നീയെന്ന പുണ്യത്തെ
പ്രാണനില്‍ ചേര്‍ത്ത് മാത്രം
ജീവനെടുക്കാതെ ഒടുങ്ങാതെ
ഒറ്റമരം 

2016 ജൂലൈ 12, ചൊവ്വാഴ്ച

കുടുക്ക

സ്വപ്‌നങ്ങള്‍ ഇട്ടുവെക്കാന്‍ ഒരു മണ്‍കുടുക്ക വാങ്ങി 
ഒറ്റമുഖമുള്ള കൈകാലുകള്‍ ഇല്ലാത്ത കുടുക്ക 
വായിലൂടെ വയറിലേക്ക് എന്നൊരു ഉറപ്പിന്മേല്‍ 
എന്‍റെ സ്വപ്ന നാണയങ്ങള്‍ ഞാന്‍ വാരി നിറച്ചു 

ഇടയ്ക്കെപ്പോഴോ ആ കുടുക്കയുടെ ഭാരം കുറഞ്ഞു 
തോന്നലെന്നു കരുതി കുലുക്കി ഓരം ചേര്‍ത്ത് വെച്ചു 
ഭാരം കുറഞ്ഞു വന്നു ..സ്വപ്നം കൂടിയും ...
അരുതാത്തത് എന്തോ എന്ന് മനം പറഞ്ഞപ്പോള്‍ ..
ഇല്ല ..ഇതെന്‍റെ സ്വപ്നം  ..എന്നെ ചതിക്കില്ല എന്നുറച്ചു 

കുടുക്കയുടെ ഭിത്തിയില്‍ വിള്ളലുകള്‍ വീണു 
അത് വെച്ച മേശയില്‍ ചിതലരിച്ചു ...എന്നിട്ടും 
സ്വപ്ന നാണയങ്ങള്‍ ഞാന്‍ വീണ്ടും നിറച്ചു 
മേശയുടെ കാലുകള്‍ നിലംപതിച്ചു... കൂടെ ..
എന്‍റെ സ്വപ്ന ഭാരം പേറിയ കുടുക്കയും .....

വിള്ളലുകള്‍ ഭിത്തിയെ വേര്‍പിരിച്ചു ....പിന്നെ.. 
സ്വപ്‌നങ്ങള്‍ അത്രയും ചിതറിത്തെറിച്ചു ...
നിറ കണ്ണുകളോടെ ഞാന്‍ വാരിയെടുക്കുമ്പോള്‍ 
എണ്ണിയാല്‍ തീരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം 

എന്‍റെ ബാക്കി സ്വപ്‌ന നാണയങ്ങള്‍ ഇന്നെവിടെ? 
ചുറ്റുമൊരു ഭ്രാന്തിയെപ്പോല്‍ പരതിക്കരയുമ്പോള്‍ 
ഒരു മിന്നല്‍ ...എന്‍റെ പ്രജ്ഞയും മോഷ്ടിച്ചു കടന്നു

2016 മേയ് 9, തിങ്കളാഴ്‌ച

ന്‍റെ ....ചോന്ന കുന്നിക്കുരു

പഴയ പൊതി ഇപ്പോള്‍
തിരിച്ചും മറിച്ചും നോക്കി 
മെല്ലെ പൊതിയഴിച്ചു
പഴയ ഗന്ധം മാറിയില്ല
പഴയ കടലാസിന്റെ
 പഴകിയൊരു മനസ്സിന്‍റെ
ആ ഗന്ധം ചിരപരിചിതം
കുന്നിക്കുരുക്കള്‍ ചിതറി
വാരിയെടുത്തില്ല ഒന്നും
ധൃതി പിടിച്ചു നോക്കിയില്ല
മെല്ലെ ഒരെണ്ണം കയ്യിലെടുത്തു
ഒരു വശം ചുവപ്പ് തന്നെ
അപ്പോള്‍ മറു വശമോ
തിരിച്ചു നോക്കിയപ്പോള്‍
അതെ ..കറുപ്പ് തന്നെ
ഇത് ശരിയല്ലലോ ..അതോ?
ഇല്ല ..അയാള്‍ കള്ളം പറയില്ല
വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ
വാക്കുകള്‍ പോലെ മനസ്സ് പോലെ
കറുപ്പ് കലര്‍ന്നതാവുമോ
അയാള്‍ പറഞ്ഞത്
മുഴുവന്‍ ചുവന്നുവെന്നാണ്
അന്ന് ഞാന്‍ നോക്കിയതല്ലേ
അയാള്‍ കള്ളം പറയുകയില്ല
പിന്നെയീ കറുപ്പ് ...
ഇതെങ്ങനെ വീണ്ടുമെത്തി?


2016 മാർച്ച് 27, ഞായറാഴ്‌ച

എന്‍റെ ആത്മാവിന്

ഒരു മനസ്സ് കളഞ്ഞു പോയിരിക്കുന്നു
നിറമില്ലാത്ത.... ഗന്ധമില്ലാത്ത
ആകര്‍ഷണീയത തീരെയുമില്ലാത്ത
ഒരു മനസ്സ് കളഞ്ഞു പോയിരിക്കുന്നു

നീയെടുത്തുവെന്നു ഞാന്‍ പറയുകയില്ല
പക്ഷെ നിനക്കതിനെ കണ്ടാലറിയും
ഒരുപക്ഷേ അറിയാതെ വന്നാല്‍ നീ
മെല്ലെ ചെവിയോര്‍ക്കണം അപ്പോള്‍
അത് നിന്‍റെ പേര് പറയുന്നുണ്ടാവും

ഒരു അസ്വാഭാവികതയും നിനക്ക് തോന്നരുത്
അതിന്‍റെ ഉടമസ്ഥന്‍ നീ തന്നെ ആയിരുന്നു
ആ മനസ്സ് നിന്റെത് മാത്രമായിരുന്നു
നിനക്ക് വേണ്ടി തുടിച്ചോരാത്മാവ് അതിലും
ഉണ്ടായിരുന്നെന്ന്‍ നീ മാത്രം അറിയുക

ആരുമറിയാതെ എവിടെയെങ്കിലും കിടന്ന്
മുറിവേല്‍ക്കുകയെങ്കില്‍ ഒരു പക്ഷേ
നിന്‍റെ പേര് വിളിച്ചത് കരയുകയാവാം
ഒരു കാലത്ത് നിന്നെ സ്നേഹിച്ചിരുന്ന
ഇന്ന് നിന്റെ വെറുപ്പില്‍ ഉരുകുന്ന
അതിനു കരയുവാനേ കഴിയുള്ളൂ

നിനക്ക് പറയുവാന്‍ ന്യായമേറെ
അതിനുമുണ്ടാകും കുറെയൊക്കെ
എന്നിട്ടും ഒടുവില്‍ ഈ അടിയറവ്
അത് നീയറിയാന്‍ മാത്രം ഒടുവില്‍
ഏറ്റവുമൊടുവില്‍ പറയാം

ആ ശരീരം ഉപേക്ഷിച്ചതിന് യാത്രയാകാന്‍
അധികം ദൂരമില്ല എന്ന തിരിച്ചറിവ്
ഇഷ്ടമില്ലാഞ്ഞിട്ടും പോയേ തീരൂ എന്നവര്‍
വിധിയെഴുത്ത് കഴിഞ്ഞു ഇനി പാപം
പരിഹരിച്ചു മടങ്ങാം ...എന്നേക്കുമായ്

2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച

കറുപ്പും...വെളുപ്പും

വേനൽചൂടിന്‍റെ  താപമേറ്റെപ്പോഴോ

വാടിക്കരിഞ്ഞതോ പാതിശിരസ്സ്

കാണാതെ തേടിയ ബാല്യസ്മൃതിയുടെ 

ചോരച്ചുവപ്പ് കലർന്നോരുടലോ

ആരുമറിയാതെയീ ചെളിക്കുണ്ടിലായ്

ആ രഹസ്യം നീ പറയുവാൻ വന്നതോ 

അപ്പുറത്തെ പറമ്പിന്‍റെ  കോണിലായ്

പുണർന്നും പിരിഞ്ഞുമിണചേരുന്ന

പാമ്പുകൾക്കറിഞ്ഞീടുമോയീക്കഥ

അന്നൊരിക്കൽ രതിയെന്ന വെറിയോടെ

നമ്മൾ ഇണചേർന്ന തിക്തസ്മരണകൾ

അന്നുമീചോരചുവപ്പാർന്നുടലിൽ കിതപ്പ-

ടക്കി നിന്‍റെ  കറുത്ത മേനി വിയർത്തു

ജീവിതം കവിതയെന്നു ഞാനും പിന്നെ 

ജീവതാളമായ് നീയുമതിൽ ചേരുമെന്നും

മോഹങ്ങളും മന്ദവേഗത്തിലോടിയ ചിന്തയും

ചുവപ്പുനിറച്ച സ്വപ്നങ്ങളും പേറിഞാൻ 

കറുപ്പാ൪ന്ന നിൻകാപട്യമറിയാതെ

മറക്കാതെയിപ്പോളുംതിരികെനോക്കി നിൽപ്പൂ

വാക്കിലെ വിപ്ലവം നിശ്ചലമാകുമ്പോൾ

നേർത്തു പെയ്ത മഴയിലൂടെ ഞാൻ 

തട്ടിത്തടഞ്ഞുംവീണുമെഴുന്നേറ്റും

ഭൂമിയെപുൽകിയുണർന്നുറങ്ങുമ്പോൾ

വീണ്ടുമാകുന്നിക്കുരുവെന്നെതേടി

കാതമറിയാതെ വന്നതെന്തിനോ

ആരുമറിയാതെയീ ചെളിക്കുണ്ടിലായ്

ആ രഹസ്യം നീ പറയുവാൻ വന്നതോ


 

2014 ജൂൺ 14, ശനിയാഴ്‌ച

ഭ്രാന്തനും ...ഞാനും

ഞാന്‍ :   കുന്നിക്കുരു തേടിയലഞ്ഞ ഭ്രാന്താ
               ആയിരമാവര്‍ത്തി പറഞ്ഞു ഞാന്‍
               മുള്ളും മലയും കാടും പടര്‍പ്പും നടന്നു
               മുറിവുകള്‍ പറ്റി മടങ്ങരുതെന്ന്

ഭ്രാന്തന്‍ :    കയറിയിറങ്ങിയ മേട്ടിലൊന്നും
                   തേടിയിറങ്ങിയ കുന്നിക്കുരുവിനെ
                   കാണാതെ മടങ്ങാന്‍ ഭ്രാന്തന് ഭ്രാന്തില്ല

ഞാന്‍ :   അപ്പോഴൊക്കെയും ഞാന്‍ ഓര്‍മ്മിപ്പിച്ചു
               കുന്നിമണികള്‍ കറുത്തിരിക്കുന്നു
               ഇടയിലെവിടെയെങ്കിലും നേര്‍ത്തൊരു
               ചുവപ്പ് മാത്രം നീ തേടരുത്‌

ഭ്രാന്തന്‍ :     ഭ്രാന്തന് ഭ്രാന്തില്ല എന്നത് മറക്കരുത്
                    ചുവപ്പുകള്‍ അന്വേഷിക്കട്ടെ ഈ ഞാന്‍
                    കിട്ടില്ലയെന്നു നീ ഉറപ്പിക്കാതെ

ഞാന്‍ :   കിട്ടുമെന്ന് നീയും ഉറപ്പിക്കരുത്
               ഒരു നിറവും ശാശ്വതമല്ല
               നിറത്തിലൊരു നിറം കലര്‍ത്തിയാല്‍
               മായും ആദ്യ നിറം

ഭ്രാന്തന്‍ :     ഇപ്പോള്‍ ജയിച്ചത്‌ ഞാന്‍ തന്നെ
                    മലയും കാടും കടന്നു ഞാന്‍ പോയി
                    പെറുക്കിയെടുത്ത കുന്നിമണികള്‍
                    ചിലത് നല്ല നിറമുള്ളവ
                    കറുപ്പിന് മായ്ക്കാന്‍ കഴിയാതെ പോയവ

ഞാന്‍ :    വെറുതെയാണ് ഭ്രാന്താ ഇപ്പോഴും
                തോറ്റ് പോയത് നീ തന്നെ ..
                നിങ്ങള്‍ പെറുക്കിയെടുത്ത കുന്നിമണികള്‍
                മുഴുവന്‍ കറുത്തിരുന്നു ..പക്ഷേ
                നീ തോല്‍ക്കാതിരിക്കാന്‍ ഞാന്‍ എന്‍റെ സ്നേഹം 
                മുക്കി ചുവപ്പിച്ചതാണവ 

ഭ്രാന്തന്‍  :   ഇതാ വീണ്ടും നീ തോറ്റിരിക്കുന്നു 
                   ഭ്രാന്തനോട് സ്നേഹം എന്ന് നീ 
                   ലോകമറിയെ പറഞ്ഞിരിക്കുന്നു 
                   ഭ്രാന്തന്‍ വീണ്ടും ജയിച്ചിരിക്കുന്നു 

ഞാന്‍  :    ശരിയാണ് ഭ്രാന്താ, 
                 നിന്‍റെ സ്നേഹമാം ഭ്രാന്തില്‍ 
                 ഞാന്‍ തോറ്റുപോയിരിക്കുന്നു 

2014 ജനുവരി 9, വ്യാഴാഴ്‌ച

ഭ്രാന്തന്‍

നീയും ഞാനും  ഒരേപോലെ
കുറെ നടന്നു അങ്ങുമിങ്ങും
മുടിയലക്ഷ്യമായ് വേഷം മോശമായി
ആളുകള്‍പക്ഷെ നിന്നെ വേഗം തന്നെ
ഭ്രാന്തന്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു

അവിടെ ഞാന്‍ ജയിച്ചു ഭ്രാന്താ
എന്നെയവര്‍ കഴിവുള്ളവളാക്കി
ചിരിക്കേണ്ട നീ നിന്നെ പഴി പറഞ്ഞ
ഈ ലോകമെന്നെ ഒരിക്കലും പറയില്ല

നീ ഉരുട്ടിയുരുട്ടി മുകളില്‍ എത്തിച്ച
ആ കല്ല്‌ ഞാന്‍ കൈക്കലാക്കി എപ്പോഴേ
നീയറിയാതെ ആ കല്ല്‌ ഇപ്പോള്‍ എന്‍കയ്യില്‍
ഇനി ഞാന്‍ ഒന്നുറക്കെ ചിരിക്കാം നിന്നെ
തോല്‍പ്പിച്ചവളുടെ  ക്രൂരമായ ചിരി

ആ കല്ല്‌ ലേലത്തില്‍ വെക്കും
നാറാണത്തുഭ്രാന്തന്‍ ഉരുട്ടിയ കല്ല്‌
ആളുകള്‍ ഓടിയടുക്കും ചോദ്യവുമായ്
എങ്ങനെ കിട്ടി ? എവിടുന്നു കിട്ടി ?

വീണ്ടും ഞാന്‍ ഉറക്കെ ചിരിക്കും
നീ അങ്ങ് മലയുടെ മുകളില്‍ നിന്ന്
പണ്ട് പണ്ട് ചിരിച്ച അതേ ശബ്ദത്തില്‍
ഭ്രാന്താ നിനക്ക് ഭ്രാന്തില്ലാരുന്നുവെന്ന്
ലോകത്തെമ്പാടും ഓടി നടന്നു ഞാന്‍ പറയും

ലോകമറിയട്ടെ ഭ്രാന്തന്‍റെ ഭ്രാന്തന്‍ ചേഷ്ടകളുടെ കഥ
ഒരിക്കല്‍ ഉരുട്ടി കയറ്റിയിട്ടു വീണ്ടും താഴേക്കെറിഞ്ഞു
കൈകൊട്ടി ചിരിച്ചിരുന്നില്ലേ നീ
നീ ഉരുട്ടിയെടുത്ത നിന്‍റെ ഭ്രാന്തിന്‍റെ നേര്‍ രൂപം

മൌനം മറുപടിയല്ല ..നീ പറഞ്ഞേ മതിയാവൂ
അന്ന് താഴെ ആ കല്ല് വീണു മരിച്ചവളുടെ വിധി
നീ ചിരിക്കുമ്പോള്‍ പ്രാണന്‍ പോയവളെ നീ
കണ്ടതല്ലേ ..എന്നിട്ടും വീണ്ടും വീണ്ടും ചിരിച്ചില്ലേ

വരിക ലോകമേ ..അറിയുക ഈ ഭ്രാന്തന്‍റെ
ഭ്രാന്തില്ലായ്മയുടെ കഥ ..ക്രൂരതയുടെ കഥ
ഇനി ഈ കല്ല്‌ ഞാനും ഉരുട്ടും ഇവിടുന്ന്
ഉരുട്ടിയങ്ങറ്റം വരെ ..പിന്നെ താഴേക്ക്‌

ഭ്രാന്താ .നീ മാത്രം നീ മാത്രമറിയണം ..
ഞാന്‍ നിന്നെ പോലെ ഭ്രാന്തിയല്ല ...
ചിരിക്കരുത് നീ വീണ്ടും കൈകൊട്ടി
ചിരിക്കരുത് ഭ്രാന്താ വീണ്ടും നീ ..ചിരിക്കരുത്





2013 ഡിസംബർ 22, ഞായറാഴ്‌ച

പുതിയതൊന്ന്

എഴുതിയതൊന്നിനും മൂര്‍ച്ച പോരത്രേ 
എഴുതിയതൊക്കെ പഴയതാണത്രെ 
ഇനിയെഴുതാന്‍ എന്താണ് നീ ബാക്കി വെച്ചത് 
കാലം നിനക്കുത്തരം നല്‍കട്ടെ 
മൂര്‍ച്ച കൂട്ടി രാകി മിനുക്കിയൊരുക്കി 
ഒരു കത്തി ഞാന്‍ പണിയിച്ചിട്ടുണ്ട് 
അതില്‍ ജീവന്‍റെ രക്തം പുരട്ടും പിന്നെ 
ആത്മാവിനെ ആവാഹിക്കും 
പിന്നെ ഞാനെഴുതും ഇതുവരെ ആരും 
എഴുതാത്ത കഥ എഴുതാത്ത കവിത 
അന്ന് നീ പറയും ഇത് അഗ്നിയാണ് 
ഇതിന്‍റെ ചൂട് നിനക്കസഹനീയമെന്ന് 
പൊട്ടിച്ചിരിക്കണം എനിക്ക് ഉറക്കെയുറക്കെ 
നിന്‍റെ നിസ്സഹായത കണ്ടുറക്കെയുറക്കെ 
അലറിക്കരയുകയാവാം നീ അപ്പോള്‍ 
സഹതാപം അല്പം പോലുമില്ലാതെ ഞാന്‍ 
വീണ്ടും മൂര്‍ച്ച കൂട്ടിയെന്‍റെ കത്തിയെടുക്കും 
ചോദ്യങ്ങള്‍ ഒന്നൊന്നായ് ഞാന്‍ ഉറക്കെ ചോദിക്കും 
ഓരോന്നിനും എന്‍റെ കത്തിയുടെ ഓരോ വരയിടും 
മേല്‍മുണ്ട്‌ മാറ്റിയെന്‍ ചാരിത്ര്യം കവര്‍ന്നത് 
ലോകത്തെ അറിയിച്ചതാണോ മൂര്‍ച്ചയില്ലാത്ത കൃതി 
അതോ കുഞ്ഞിനെ അച്ഛനെ ഏല്‍പ്പിച്ചു പോകവേ 
അയാളിലെ കാമം അറിയാതെ പോയതോ 
ഇനിയുമേറെ ഉണ്ട് മൂര്‍ച്ചയില്ലാത്ത എന്‍റെ കവിതയില്‍ 
പ്രണയം പണയപെടുത്തിയതും അയാളിലെ 
കാമലാഭത്തിനു ഈ ശരീരമേകിയതും 
ഒടുവിലെന്നെ മറന്നവളെ പ്രാപിച്ചവനെ വെട്ടിക്കൊന്നതും 
പ്രാന്തിയെന്നും ഭ്രാന്തിയെന്നും പല നാമങ്ങള്‍ തന്നതും 
അങ്ങനെ പലതുമുണ്ട് മൂര്‍ച്ചയില്ലാത്ത എന്‍റെ കവിതയില്‍ 
ഇനി മൂര്‍ച്ച കൂട്ടാം ഞാന്‍ 
എഴുത്തിലെ വാക്കിലോ അക്ഷരത്തിലോ അല്ല 
ജീവനില്‍ മൂര്‍ച്ച കൂട്ടാം ഞാന്‍ 
നിന്‍റെ കഴുത്തിലെ പിടയുന്ന ഞരമ്പിലും 
മിഴിച്ചു നില്‍ക്കുന്ന കണ്ണിലും പിന്നെ 
പ്രാണഭയത്തിലും നോക്കി നില്‍ക്കവേ  ഇതാ 
എന്‍റെ വാക്കിലും നോക്കിലും മൂര്‍ച്ച കൂടുന്നു 
മനുഷ്യാ നിന്‍റെ ലോകം വെറുക്കുന്നു ഞാന്‍ 
ആത്മാര്‍ഥത തെല്ലുമില്ലാത്ത കാപട്യം മാത്രം 
കൈമുതലാക്കുന്ന ലോകമേ നിനക്കിതാ 
എന്‍റെ മൂര്‍ച്ച കൂടിയ അക്ഷരത്താല്‍ ഒരു വര 
സര്‍വ്വം ശാന്തം ...ഇനി പുതിയതൊന്ന് 
ഈ വര ..ഇനി ...മൂര്‍ച്ചയുള്ള ഈ വര 
പുതിയത് തേടുന്ന മനുഷ്യന് വേണ്ടി മാത്രം 
പ്രാണന്‍ പിടഞ്ഞു തീര്‍ന്നു ...കവിത മരിച്ചു 
ഇനി ....ഇനി പുതിയതൊന്ന് 

2013 ഡിസംബർ 21, ശനിയാഴ്‌ച

യാത്രാ മൊഴി

തമസ്സെന്‍റെ ചുറ്റുമൊരു വേലി തീർത്തു
കുളിരതിലിടയ്ക്കിടെ മുള്ളുപോല്‍ പടര്‍ന്നു
എകാന്തതയുമിരമ്പിയടുത്തെന്നിലേക്കായ്
നിശബ്ദമാമീരാവുമെന്നെ തനിച്ചാക്കുന്നുവോ

ഇനി വയ്യ തുടരുവാനീ വിധി വീണ്ടും
തിരുത്തി ജയിക്കുവാൻ നിനച്ചിറങ്ങി ഞാൻ
ക്ഷമിക്ക നീ പ്രിയാ യാത്രയാകട്ടെ ഞാൻ
തിരിച്ചു വന്നിടാമടുത്തജന്മത്തിലായ്

കൂടെയെന്നൊരാവർത്തി പറഞ്ഞതും
കൂടെയാരുമില്ലായ്കയിലുപേക്ഷിച്ചതും
ഉറഞ്ഞലാവയൊരു മിഴിനീരായൊഴുക്കി
എനിക്ക് നീയെന്നുറക്കെക്കരഞ്ഞതും

നീയെവിടെ നിന്നോര്‍മ്മകളെവിടെ
വിഴുപ്പായ് വലിച്ചെറിയപ്പെടുകയോ
അഴുക്കായ് തുടച്ചുമാറ്റപ്പെടുകയോ
അകലേക്കൊഴുകിയകന്നതോ ആവാം

അറിക നീ നിനക്കായ്‌ ഞാൻ തന്നോ-
രറിവില്ലായ്മയല്ലെൻ പ്രണയം
മനസ്സ് മനസ്സിനെയറിഞ്ഞ രാവിൽ
മനസ്സറിഞ്ഞേകിയ ഭിക്ഷയീ ജീവൻ

പകരമൊരാളെനിക്കു വേണ്ടിയോ
പകര്‍ന്നു തന്നത് പകുത്തു നല്കുവാൻ
പ്രാണനെ പറിച്ചു ഭിക്ഷയേകുവാൻ
ക്ഷമിക്ക നീ മമ പ്രണയമിതല്ല പ്രിയാ

പ്രിയന്‍റെ മാറിലായ് തലചായ്ച്ചുറങ്ങുവാൻ
പ്രിയമായോരുണ്ണിക്കമൃതേകുവാനായ്
തിരിച്ചു വന്നിടാമടുത്ത ജന്മത്തിലായ്
ക്ഷമിക്ക നീ പ്രിയാ യാത്രയാകട്ടെ ഞാൻ   

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഒരു മഴ പെയ്യട്ടെ

ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..

ഇന്നലകളുടെ ഓര്‍മ്മകള്‍ മായിക്കാന്‍
ഇന്ന് ജീവിച്ചുവെന്നറിയിക്കുവാന്‍
ഒരു മഴ പെയ്യട്ടെ

പ്രണയമേ നീ തന്ന നൊമ്പരം മായ്ക്കുവാന്‍
വിറച്ചു വിറച്ചു  നനഞ്ഞു തീരുവാന്‍
ഒരു മഴ പെയ്യട്ടെ

അവളുടെ ഉള്ളിലെ  പൊയ്പ്പോയ മാനവും
എരിയുന്ന മനവും നനയ്ക്കുവാന്‍
ഒരു മഴ പെയ്യട്ടെ

നെറുകയില്‍ ചാര്‍ത്തിയ കുങ്കുമം മായ്ക്കുവാന്‍
പിന്നെ പടര്‍ത്തി മുഖത്തൂടൊഴുക്കുവാന്‍
ഒരു മഴ പെയ്യട്ടെ

അപ്പൂപ്പന്താടി പോലെ പറന്നുയര്‍ന്ന
ചിറകിനൊരു ഭാരം നല്‍കി താഴേക്കു വലിക്കാന്‍
ഒരു മഴ പെയ്യട്ടെ

ചിതയിലെരിഞ്ഞ വിറകിനുള്ളില്‍ ആത്മാവിനെ
കുളിര്‍പ്പിക്കാന്‍ പുനര്‍ജ്ജനിപ്പിക്കാന്‍ വീണ്ടും
ഒരു മഴ പെയ്യട്ടെ

ഒരു മഴ പെയ്യട്ടെ ..നിറഞ്ഞു കവിഞ്ഞും
നനച്ചും കുതിര്‍ത്തും തിമി൪ത്തഹങ്കരിച്ചും
ഒരു മഴപെയ്യട്ടെ ..


2013 സെപ്റ്റംബർ 14, ശനിയാഴ്‌ച

അന്നും ..ഇന്നും

അന്ന് 

പ്രണയ നിര്‍ഭരമായിരുന്നു വാക്കുകള്‍ 
ഗാമായിരുന്നു ആലിംഗനം 
നിദ്രാവിഹീനമായിരുന്നു രാവുകള്‍ 
വസന്തമായിരുന്നു സ്വപ്നങ്ങളില്‍ 
കാമം നിറഞ്ഞിരുന്നു അധരങ്ങളില്‍ 
സുഗന്ധം നിറഞ്ഞു നിന്നിരുന്ന ശരീരം 
ദിനങ്ങള്‍ വേഗം കൂടിയിരുന്നു 
യാത്രകള്‍ ദൈര്‍ഘ്യം കുറഞ്ഞിരുന്നു 
സ്നേഹം തുളുമ്പി നിന്നിരുന്ന നിമിഷങ്ങള്‍ 
മിഴികളില്‍ പ്രകാശം തങ്ങി നിന്നിരുന്നു 
ജീവിതം പ്രത്യാശാ  പൂര്‍ണ്ണമായിരുന്നു 

ഇന്ന് 

പ്രണയമെന്ന വാക്കിനെ അന്വേഷിക്കുന്നു 
ആലിംഗനത്തിന്റെ ചൂട് മറന്നു 
രാവുകളില്‍ നിദ്ര വന്നു പോകുന്നത് അറിയുന്നില്ല 
സ്വപ്നങ്ങളില്‍ വിയര്‍പ്പു ഗന്ധം നിറഞ്ഞു 
കാമം ജനിക്കാത്ത മരുഭൂമിയായ് അധരങ്ങള്‍ 
ശരീരം വെറും മാംസ പിണ്ഡമായി 
ദിനങ്ങള്‍ ഒച്ച്‌ പോലെ ഇഴഞ്ഞു നീങ്ങുന്നു 
യാത്രകള്‍ ദൈര്‍ഘ്യം കൂടി വന്നു 
സ്നേഹം അന്യമായ് തീര്‍ന്നു 
കണ്ണിലെ വെളിച്ചം അണഞ്ഞിരിക്കുന്നു 
ജീവിതം പ്രത്യാശ എന്നൊരു വാക്കിനെ 
വൃഥാ അന്വേഷിക്കുന്നു 

2013 സെപ്റ്റംബർ 1, ഞായറാഴ്‌ച

മുഖം മൂടി



































എനിക്കൊരു മുഖം മൂടി വേണം
പലതും പറയാന്‍ പിന്നെ ഒടുവില്‍
ഓടിച്ചെന്നു ഒളിച്ചിരിക്കാന്‍ -
ഞാന്‍ അല്ലായെന്ന് നിങ്ങളറിയാന്‍
എന്നെ സ്വയം വിശ്വസിപ്പിക്കാന്‍
ജീവിച്ചിരുന്നപ്പോള്‍ പുകഴ്പാടാതെ
മരിച്ചവരെ കൊട്ടി ഘോഷിച്ചവരെ
പുറം കാലില്‍ തട്ടിയെറിഞ്ഞീടാന്‍
വലിച്ചു കീറിയ മാനം ഒരു തുണി
കൊണ്ട് മൂടി അവളുടെ കയ്യിലൊരു
കഠാര കൊടുത്തു കൊല്ലിക്കുവാന്‍
ബാല്യം തിരിച്ചറിയാതെ നീതിയെ
മറന്നൊരു പീഡനം നടത്തിയവനെ
വെട്ടിക്കീറുവാന്‍ പിന്നെ ജീവന്‍റെ
നേരു കാട്ടിക്കൊടുക്കുവാന്‍
പലതും പറയുവാന്‍ പറഞ്ഞതാരെന്നു
പറയാതെ മുഖം മറക്കുവാന്‍
എനിക്കൊരു മുഖം മൂടി വേണം
എന്നെ എനിക്ക് മറക്കുവാന്‍
പിന്നെ എന്നെ എനിക്ക് മറയ്ക്കുവാന്‍ 

2013 മാർച്ച് 3, ഞായറാഴ്‌ച

പക്വത

പക്വത  അവളില്‍  നാണം മറച്ചുവോ
പക്വത അവളിലെ കുസൃതി മായ്ച്ചുവോ
പക്വത അവളെ എനിക്ക് നഷ്ടമാക്കിയോ
പക്വത അവളെ അവള്‍ അല്ലാതെയാക്കിയോ

അവള്‍ക്കു പക്വതയില്ലന്നാദ്യം പറഞ്ഞതും
അവള്‍ക്കുള്ളിലെ കുസൃതിയറിഞ്ഞതും
അവള്‍ക്കു നാണം നല്കിയതും പിന്നെ
അവള്‍ക്കവളെ നഷ്ടമാക്കിയതുമീ ഞാന്‍

ആദ്യം നിന്നെയറിഞ്ഞതീ ഞാനല്ലയോ
ആദ്യം കണ്ടതും നീ മറന്നുവോ
ആദ്യം പറഞ്ഞത് നീ ഓര്‍ക്കുന്നുവോ
ആദ്യം മുതല്‍ അവസാനം വരേയ്ക്കുമായി

മനസ്സ് എനിക്ക് നല്‍കിയത് നീ
മനസ്സിലാക്കിയതും നീ അല്ലയോ
മനസ്സിനെ മറന്നതും ഒടുവിലന്നു
മനസ്സിനെ മറന്നു പോയത് നീ തന്നെ

കളവായിരുന്നോ സഖീ നീ പറഞ്ഞ
കള്ളങ്ങള്‍ ഞാന്‍ വിശ്വസിച്ചതോ സഖീ
കള്ളങ്ങള്‍ കൊണ്ട് മൂടിയ സ്നേഹത്തിനു
കളം തീര്‍ത്തതോ നീ മനസ്സില്‍ നിറയെ

അറിയില്ലെനിക്ക് നീ ചൊല്ലിയ വേദങ്ങള്‍ക്കപ്പുറം
അറിയില്ലെനിക്കീ പക്വതയെന്തെന്നും പിന്നെ
അറിയില്ലെനിക്കീ പക്വത എന്ന് കൈവരുമെന്നതും
അറിയില്ലെനിക്ക്‌ നീ അറിയിച്ചതല്ലാതൊരു സ്നേഹവും


2013 ഫെബ്രുവരി 18, തിങ്കളാഴ്‌ച

ചില നേരുകള്‍

കരച്ചിലുകള്‍ 

ഗ്ലിസറിന്‍ ഒഴിച്ച് ശാലിനി
സീരിയലില്‍ കരഞ്ഞു
എന്‍റെ ഭാര്യ സങ്കടം
സഹിക്കവയ്യാതെ കരഞ്ഞു

എന്‍റെ മകന്‍ ഗ്ലിസറിനില്ലാതെ
പാലിനുവേണ്ടി കരഞ്ഞു
എന്‍റെ ഭാര്യ അവനെ
എന്നെ ഏല്‍പ്പിച്ചു സീരിയല്‍ കണ്ടു

ദാമ്പത്യം 

ആരൊക്കെയോ ചേര്‍ന്നൊരു
കടലാസില്‍ ഒപ്പിടീച്ചപ്പോള്‍
ഞങ്ങള്‍ക്കൊരു ദാമ്പത്യമായ്

ആരും അറിയാത്ത വഴക്കുകള്‍
മതിലുകളായപ്പോള്‍ ഞങ്ങള്‍
മറ്റൊരൊപ്പിലത് തീര്‍ത്തു


പീഡനം

അറിയാതെ കാലിടറി
അവരുടെ മേല്‍ വീണതും
മഹിളകള്‍ ബഹളമായ്
പീഡനം .... പീഡനം

അറിഞ്ഞവള്‍ മാനം
പണയപ്പെടുത്തിയിന്ന്
ബഹളമില്ല മഹിളെ
ഇത് പീഡനമല്ല പോലും

ഗുരുശിഷ്യന്‍ 

ആ എന്നെഴുതു മകനെയെന്നാശാന്‍
ആ എനിക്കറിയാമെന്നവന്‍
ആര് പഠിപ്പിച്ചു നിന്നെയെന്നാശാന്‍
അത് സിനിമയില്‍ വട്ടത്തില്‍ കണ്ടതാ
അത് ആ അല്ല മകനെ എ എന്നാശാന്‍
കാര്യമറിയാന്‍ എന്ത് ആ എന്ന് ശിഷ്യന്‍





2012 ഡിസംബർ 22, ശനിയാഴ്‌ച

നഷ്ടജന്മമോ ...ജന്മ നഷ്ടമോ

പിറവിയായതൊരു ജന്മനഷ്ടമായോ 
വെറും ക്രൂരതയുടെ മുഖപടമായോ 
വയറിലാഞ്ഞിടിച്ചമ്മയലറിക്കരഞ്ഞ-
പ്പോളറിയാനായില്ലെനിക്കെന്റെയപരാധം 

   ആരോ എറിഞ്ഞുടച്ച മാനത്തിന്റെ-
      യവശിഷ്ടമമ്മപോലുമറപ്പോടെനോക്കിയ-
പ്പോളളവില്ലാതെയൊഴുകിയുറഞ്ഞോരശ്രു-
മാത്രമറിയുവാനാരുമില്ലാതേകയായ് ഞാന്‍ 






നന്മമരത്തിന്റെ ചില്ലയിലൊരുകൊടും 
വിഷവിത്തിന്റെ ഉത്ഭവമാകാമൊരു
പിറവിക്കുമപ്പുറം ഭയാനകമാമൊരു 
വിപത്തിനെയെതിരേറ്റതാവാം 
തന്തയോ തായോയെന്നറിയാതെ വന്നെ
നിക്കുനേര്‍ക്കെന്തിനീയാക്രോശം 
ഉത്ഭവചോദ്യമൊരു ശരമായെനിക്കു 
            നേര്‍ക്കു തൊടുക്കുന്നതെന്തിനായ്‌ നീ 



അമ്മിഞ്ഞപാലിന്റെയമൃതം നുണഞ്ഞു 
മാറിന്റെ ചൂടെറ്റുറങ്ങുവാനൊരുമാത്ര 
അമ്മേ കനിയുമോ നീ ഈ കുരുന്നിനെ 
വെറുപ്പോടെയെങ്കിലുമാമടിയിലല്പനേരം 







മിഴിനീര്‍ തുടക്കവേണ്ട നീ 
മൊഴിയെ പ്രതീക്ഷിക്കവേണ്ട 
താരാട്ടിന്‍റെ ശ്രുതികേട്ടുറങ്ങവേണ്ട 
ഒരുമാത്രയൊരു തലോടല്‍ മാത്രം മതി 

ജന്മ സുകൃതമെന്നോ പുണ്യ 
ജന്മമെന്നൊ കേവല ഭാഷ്യങ്ങ 
ളൊന്നുമെനിക്കു വേണ്ടയൊരു 
മാത്ര മകളെന്ന മൊഴി മാത്രം മതി  

അമ്മയെന്നൊരുമാത്ര വിളിക്കുവാന്‍ 
അമ്മയെ സ്നേഹിക്കുവാനൊരുമകളാകുവാന്‍ 
അമ്മയാകാതിരിക്കുവാന്‍ വേണ്ടിയെങ്കിലും 
കനിയുകയമ്മേ ഈ കുരുന്നിനെ നീ 


സമര്‍പ്പണം : ആരുടെയോ കാമ ഭ്രാന്തിനു ഇരയായി പിറക്കേണ്ടി വന്ന മനുഷ്യ ജന്മങ്ങള്‍ക്ക് 

2012 നവംബർ 21, ബുധനാഴ്‌ച

ഒരു പെണ്ണ്

നിണമുറഞ്ഞോരശ്രുവായ് നേത്രത്തില്‍നിന്നുതിര്‍ന്നു
കവിളിലൂടൊഴുകിയെന്നധരത്തില്‍ മരിക്കവേ
ആത്മനൊമ്പരാഗ്നിയുടെ കയ്പ്പറിഞ്ഞതും
ലോകമിവളെ മിഴിനീരിന് പര്യായമാക്കി

പാടി പുകഴ്ന്ന പുരാണങ്ങള്‍ക്കപ്പുറം
പാതിവ്രത്യത്തിന്‍ കഥകള്‍ക്കുമപ്പുറം
കന്യകാത്വം ഹോമിച്ചവളെ മറന്ന പുരുഷാ
നിനക്കെവിടെയാ പര്യായം നല്‍കുമീ ലോകം

അവളവനമ്മയായ് വരികിലതുസുഖം
അവന്‍റെ നാരിയായ് വരികിലതുമതിസുഖം
രണമശ്രുവാക്കി പ്രാര്‍ത്ഥനയാലവനെ
കാത്തിരുന്നതീ നാരിയെന്നറിഞ്ഞില്ലവന്‍

രക്ഷസായ് രാക്ഷസീ രൂപമായ്‌ വര്‍ണ്ണം
കലരാതെ ക്രൂരമാക്കിയപ്പോളും നിന്‍റെ
നന്മ കാംക്ഷിച്ചവളാണീ നാരിയെങ്കിലും
നീ പകരമേകിയത്‌ അശ്രു മാത്രമല്ലേ

അബലയാണുഞാനവശയാണ് ഞാന്‍
സ്ഥാനലബ്ധിയാഗ്രഹിക്കാതെ -
ആധിപത്യകൊടുമുടി താണ്ടാത്തവള്‍
ഇന്നശ്രുസമയായവളീ  സ്ത്രീ

അസ്ഥിപഞ്ചരമാം ദേഹിയെങ്കിലു-
മവളുടെമാര്‍വിടതിന്നമൃതം നുകര്‍ന്നും
മേനിയഴകില്ലായ്കിലുമവളുടെ
ശീല്‍ക്കാരം മറന്നു പ്രാപിച്ചവന്‍

പുത്രിയായ്പത്നിയായമ്മയായ്
ഒടുവിലന്യയായ് തീര്‍ന്നൊരു
വൃദ്ധയായും നിന്‍റെ പാപം
പ്രസവിച്ചു തീര്‍ത്ത പുണ്യം

ഹേ .ലോകമേ നിങ്ങള്‍ പഴിച്ച
പിഴയെന്നൊരായിരമുരുവിട്ട
സ്ത്രീയെന്ന ഞാനായ പുണ്യം
നമിക്കയീ ജീവന്‍റെ പുണ്യമാം നേരും


2012 നവംബർ 11, ഞായറാഴ്‌ച

രാത്രിഞ്ചരീവിലാപം


ഹേ ഭീമസേനാ ...നീയെന്നെ
പ്രണയിച്ചതോ ..പ്രണയം നടിച്ചതോ?
വനവാസത്തിലെന്റെ മേനിയുടെ
നീര്‍മാതളഗന്ധമേറ്റുറങ്ങിയപ്പോള്‍
എവിടെ പോയ്‌ നിന്‍ കുലമഹിമ
ക്ഷത്രിയ ധര്‍മം പേറിയ മാതൃ വചനവും

നിന്റെ ബീജമെന്നുള്ളില്‍ പിടഞ്ഞപ്പോ-
ളമ്മയുടെ മുന്നിലെന്റെ ഭാര്യയെന്നു
സധൈര്യം പറഞ്ഞ ഭീമസേനാ
പോരിലെന്റെ സഹോദരവധം
കണ്ടിട്ടും കാണാതെ നിന്നെയറിഞ്ഞവള്‍
ഒടുവിലാ കാനനമുപെക്ഷിച്ച യാത്രയില്‍
ആരുമറിയാതെയശ്രു തുടച്ചവള്‍

രാത്രീഞ്ചരിയെന്നും ക്രൂരയെന്നുമോ-
രോമനപ്പേര്‍ നല്‍കിയ കാട്ടാള  വര്‍ഗത്തിലൊരുവള്‍
പാഞ്ചാലിയുമായി രമിക്കുന്ന രാവുകളില്‍
കാനന വിജനതയില്‍ കണ്ണീരൊഴുക്കിയവള്‍

ഒടുവിലാപുത്രനെ ബലിയെന്നറിഞ്ഞും
യുദ്ധ സഹായമായ് അയച്ചതീ ഹിഡുംബി
പറയു ..ഭീമസേന ..നീയെന്നെ പ്രണയിച്ചതോ
അതോ വെറും ...പ്രണയം നടിച്ചതോ

2012 ഒക്‌ടോബർ 18, വ്യാഴാഴ്‌ച

മഴ


ആത്മ ജീവനെന്നതിന്‍ പൊരുള്‍ തേടി
മനസ്സെന്നോ ദേഹത്തിന്‍ കേന്ദ്രമെന്നോ
ഹോമിക്ക പെടെണ്ടതെന്‍  മനസ്സോ ദേഹിയോ
സുഖ ലോഭ കൂമ്പാരമാം ധരണീ യാത്രയില്‍
ഹേതുവാമീ ജഡം ഉപേക്ഷിച്ചീടാന്‍
തപിക്കുമീ മനസ്സിലെ ആത്മം പറിച്ച്
 എന്റെ ജഡം അഗ്നിതര്‍പ്പം ചെയ്യുവാന്‍
ഈ ആത്മം മോചിപ്പിക്കാന്‍
നിശ്ചിതമായ് ഞാന്‍ എന്‍ ചിതയൊരുക്കി
ആത്മ ശുദ്ധി വരുത്തിയെന്‍ മനം
ചിതയില്‍ അര്‍പ്പിക്കാന്‍ ഒരുങ്ങവേ
പിന്‍ വിളിയി കരം ഗ്രഹിച്ചു ഒരാള്‍
കുളിരാര്‍ന്ന കരം അഗ്നി ശമിപ്പിച്ചപ്പോള്‍
കാറ്റ് പോലെ മനം കുളിര്‍പ്പിച്ചു
ഒരു മഴയിലേക്കെന്നെ നയിച്ചു
 ആവോളം നനഞ്ഞു ഞാന്‍ ആ സ്നേഹമഴ
ഇടയ്ക്കിടെ എന്റെ ശിരസ്സിലൂടെ ഒഴുകി
ചുംബനമായ് ഒരു അശ്ലെഷമായ്
അധരം കവര്‍ന്നെന്നെ അറിഞ്ഞും
അകലേക്ക്‌ മാറിയും വീണ്ടും വീണ്ടും
ആര്‍ത്തലച്ചു മാറോടു ചേര്‍ത്ത്
എന്നെ എന്റെ ശോക ഭാരത്തെ
കഴുകിയെടുത്ത് എന്നെയറിഞ്ഞ
എന്നില്‍ സ്നേഹം നിറച്ച എന്റെ
സ്നേഹമഴ ...ആത്മ മഴ