ഞാന്‍ : കുന്നിക്കുരു തേടിയലഞ്ഞ ഭ്രാന്താ
ആയിരമാവര്‍ത്തി പറഞ്ഞു ഞാന്‍
മുള്ളും മലയും കാടും പടര്‍പ്പും നടന്നു
മുറിവുകള്‍ പറ്റി മടങ്ങരുതെന്ന്
ഭ്രാന്തന് : കയറിയിറങ്ങിയ മേട്ടിലൊന്നും
തേടിയിറങ്ങിയ കുന്നിക്കുരുവിനെ
കാണാതെ മടങ്ങാന്‍ ഭ്രാന്തന് ഭ്രാന്തില്ല
ഞാന്‍ : അപ്പോഴൊക്കെയും ഞാന്‍ ഓര്‍മ്മിപ്പിച്ചു
കുന്നിമണികള്‍ കറുത്തിരിക്കുന്നു
ഇടയിലെവിടെയെങ്കിലും നേര്‍ത്തൊരു
ചുവപ്പ് മാത്രം നീ തേടരുത്
ഭ്രാന്തന് : ഭ്രാന്തന് ഭ്രാന്തില്ല എന്നത് മറക്കരുത്
ചുവപ്പുകള്‍ അന്വേഷിക്കട്ടെ ഈ ഞാന്‍
കിട്ടില്ലയെന്നു നീ ഉറപ്പിക്കാതെ
ഞാന്‍ : കിട്ടുമെന്ന് നീയും ഉറപ്പിക്കരുത്
ഒരു നിറവും ശാശ്വതമല്ല
നിറത്തിലൊരു നിറം കലര്‍ത്തിയാല്‍
മായും ആദ്യ നിറം
ഭ്രാന്തന് : ഇപ്പോള്‍ ജയിച്ചത് ഞാന്‍ തന്നെ
മലയും കാടും കടന്നു ഞാന്‍ പോയി
പെറുക്കിയെടുത്ത കുന്നിമണികള്‍
ചിലത് നല്ല നിറമുള്ളവ
കറുപ്പിന് മായ്ക്കാന്‍ കഴിയാതെ പോയവ
ഞാന്‍ : വെറുതെയാണ് ഭ്രാന്താ ഇപ്പോഴും
തോറ്റ് പോയത് നീ തന്നെ ..
നിങ്ങള്‍ പെറുക്കിയെടുത്ത കുന്നിമണികള്‍
മുഴുവന്‍ കറുത്തിരുന്നു ..പക്ഷേ
നീ തോല്‍ക്കാതിരിക്കാന്‍ ഞാന്‍ എന്റെ സ്നേഹം
മുക്കി ചുവപ്പിച്ചതാണവ
ഭ്രാന്തന് : ഇതാ വീണ്ടും നീ തോറ്റിരിക്കുന്നു
ഭ്രാന്തനോട് സ്നേഹം എന്ന് നീ
ലോകമറിയെ പറഞ്ഞിരിക്കുന്നു
ഭ്രാന്തന് വീണ്ടും ജയിച്ചിരിക്കുന്നു
ഞാന്‍ : ശരിയാണ് ഭ്രാന്താ,
നിന്റെ സ്നേഹമാം ഭ്രാന്തില്‍
ഞാന്‍ തോറ്റുപോയിരിക്കുന്നു