2016, ജൂലൈ 12, ചൊവ്വാഴ്ച

കുടുക്ക

സ്വപ്‌നങ്ങള്‍ ഇട്ടുവെക്കാന്‍ ഒരു മണ്‍കുടുക്ക വാങ്ങി 
ഒറ്റമുഖമുള്ള കൈകാലുകള്‍ ഇല്ലാത്ത കുടുക്ക 
വായിലൂടെ വയറിലേക്ക് എന്നൊരു ഉറപ്പിന്മേല്‍ 
എന്‍റെ സ്വപ്ന നാണയങ്ങള്‍ ഞാന്‍ വാരി നിറച്ചു 

ഇടയ്ക്കെപ്പോഴോ ആ കുടുക്കയുടെ ഭാരം കുറഞ്ഞു 
തോന്നലെന്നു കരുതി കുലുക്കി ഓരം ചേര്‍ത്ത് വെച്ചു 
ഭാരം കുറഞ്ഞു വന്നു ..സ്വപ്നം കൂടിയും ...
അരുതാത്തത് എന്തോ എന്ന് മനം പറഞ്ഞപ്പോള്‍ ..
ഇല്ല ..ഇതെന്‍റെ സ്വപ്നം  ..എന്നെ ചതിക്കില്ല എന്നുറച്ചു 

കുടുക്കയുടെ ഭിത്തിയില്‍ വിള്ളലുകള്‍ വീണു 
അത് വെച്ച മേശയില്‍ ചിതലരിച്ചു ...എന്നിട്ടും 
സ്വപ്ന നാണയങ്ങള്‍ ഞാന്‍ വീണ്ടും നിറച്ചു 
മേശയുടെ കാലുകള്‍ നിലംപതിച്ചു... കൂടെ ..
എന്‍റെ സ്വപ്ന ഭാരം പേറിയ കുടുക്കയും .....

വിള്ളലുകള്‍ ഭിത്തിയെ വേര്‍പിരിച്ചു ....പിന്നെ.. 
സ്വപ്‌നങ്ങള്‍ അത്രയും ചിതറിത്തെറിച്ചു ...
നിറ കണ്ണുകളോടെ ഞാന്‍ വാരിയെടുക്കുമ്പോള്‍ 
എണ്ണിയാല്‍ തീരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം 

എന്‍റെ ബാക്കി സ്വപ്‌ന നാണയങ്ങള്‍ ഇന്നെവിടെ? 
ചുറ്റുമൊരു ഭ്രാന്തിയെപ്പോല്‍ പരതിക്കരയുമ്പോള്‍ 
ഒരു മിന്നല്‍ ...എന്‍റെ പ്രജ്ഞയും മോഷ്ടിച്ചു കടന്നു

1 അഭിപ്രായം:

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...