2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

കറുപ്പും...വെളുപ്പും

വേനൽചൂടിന്‍റെ  താപമേറ്റെപ്പോഴോ

വാടിക്കരിഞ്ഞതോ പാതിശിരസ്സ്

കാണാതെ തേടിയ ബാല്യസ്മൃതിയുടെ 

ചോരച്ചുവപ്പ് കലർന്നോരുടലോ

ആരുമറിയാതെയീ ചെളിക്കുണ്ടിലായ്

ആ രഹസ്യം നീ പറയുവാൻ വന്നതോ 

അപ്പുറത്തെ പറമ്പിന്‍റെ  കോണിലായ്

പുണർന്നും പിരിഞ്ഞുമിണചേരുന്ന

പാമ്പുകൾക്കറിഞ്ഞീടുമോയീക്കഥ

അന്നൊരിക്കൽ രതിയെന്ന വെറിയോടെ

നമ്മൾ ഇണചേർന്ന തിക്തസ്മരണകൾ

അന്നുമീചോരചുവപ്പാർന്നുടലിൽ കിതപ്പ-

ടക്കി നിന്‍റെ  കറുത്ത മേനി വിയർത്തു

ജീവിതം കവിതയെന്നു ഞാനും പിന്നെ 

ജീവതാളമായ് നീയുമതിൽ ചേരുമെന്നും

മോഹങ്ങളും മന്ദവേഗത്തിലോടിയ ചിന്തയും

ചുവപ്പുനിറച്ച സ്വപ്നങ്ങളും പേറിഞാൻ 

കറുപ്പാ൪ന്ന നിൻകാപട്യമറിയാതെ

മറക്കാതെയിപ്പോളുംതിരികെനോക്കി നിൽപ്പൂ

വാക്കിലെ വിപ്ലവം നിശ്ചലമാകുമ്പോൾ

നേർത്തു പെയ്ത മഴയിലൂടെ ഞാൻ 

തട്ടിത്തടഞ്ഞുംവീണുമെഴുന്നേറ്റും

ഭൂമിയെപുൽകിയുണർന്നുറങ്ങുമ്പോൾ

വീണ്ടുമാകുന്നിക്കുരുവെന്നെതേടി

കാതമറിയാതെ വന്നതെന്തിനോ

ആരുമറിയാതെയീ ചെളിക്കുണ്ടിലായ്

ആ രഹസ്യം നീ പറയുവാൻ വന്നതോ


 

4 അഭിപ്രായങ്ങൾ:

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...