ഓരോ ചുംബനങ്ങൾ അവനിൽ നിന്നും ഏറ്റു വാങ്ങുമ്പോളും ഓരോ മിന്നൽപിണരുകൾ അടിവയറ്റിലൂടെ കടന്നു പോകുന്നത് അവൾ അറിഞ്ഞിരുന്നു. അത്രമേൽ തണുത്തുറഞ്ഞ ശൈത്യം ഹൃദയത്തിൽ പേറി നടന്നവളോട് നീ പ്രണയിക്ക് പെണ്ണേ എന്ന് പറഞ്ഞവൻ. ആ മഞ്ഞുരുകി അവളൊരു കടലായി മാറുമ്പോൾ ഒക്കെയും കൂടെ പ്രണയാഗ്നിയായി അവളെ കടലാക്കി നിലനിർത്തിയവൻ.
അവനു വേണ്ടി മാത്രമെഴുതാൻ അക്ഷര ദാരിദ്ര്യം അനുഭവിച്ചവൾ. അവൻ പഠിപ്പിച്ചത് അവനെ പ്രണയിക്കാൻ മാത്രമായിരുന്നില്ല. ഈ ലോകത്തെ മുഴുവനും സ്നേഹിക്കണമെന്നും ഓരോരുത്തർക്കും അർഹിക്കുന്നത് നൽകണമെന്നും പിന്നെ നിന്നെ ലോകം ഇഷ്ടപ്പെടാൻ നീയെന്തു ചെയ്യണമെന്നുമൊക്കെ ആയിരുന്നു.
സ്നേഹചുംബനവൻ മൂർദ്ധാവിൽ നൽകുമ്പോൾ അവളൊരു കുട്ടിയായി മാറി. പിന്നെയവൻ ചുണ്ടിൽ ചുംബിച്ചവളെ കാമുകിയാക്കി.മെല്ലെ മെല്ലെ ജീവിതസഖിയും ഭാര്യയും അമ്മയുമൊക്കെയായി മാറുമ്പോൾ അവനായി തന്നെ മാറ്റപ്പെടുകയായിരുന്നു അവളും.
വളരെ തിരക്കുള്ള വഴിയിലൂടെ അവന്റെ ചെറു വിരൽ പിടിച്ചു നടന്നു പോകുന്നതും, ആരുമില്ലാത്ത വഴിയിൽ അവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതും, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ അവനുമായി രതിയിലേർപ്പെടുന്നതും അവളുടെ കേവല ദിവാസ്വപ്നങ്ങൾ മാത്രമായിരുന്നില്ല. ജീവിക്കാൻ അവൾ കണ്ടെത്തിയ പ്രതീക്ഷാ നാളങ്ങളായിരുന്നു.
എഴുതാൻ മടിച്ചവൾക്ക് എഴുതി തീർക്കാനാവാത്ത പ്രണയ കാവ്യമായി അവൻ. ഒടുവിലൊരു ദിനം അവൻ അവളുടെ അരികിലെത്തുമ്പോൾ പറയാൻ ഇനിയും പറഞ്ഞു തീരാത്ത ഒരു രഹസ്യം അവളിന്നും സൂക്ഷിക്കുന്നുണ്ട്. പുതുമണം മാറാതെ അന്നും അവൾ അവനോടു മെല്ലെ ചെവിയിൽ പറയും " ഞാൻ നിന്നെ പ്രണയിക്കുന്നു എന്റെ ആത്മാവിനേക്കാൾ..എന്നേക്കാൾ ...നീയെന്നെ സ്നേഹിക്കുന്നതിലപ്പുറം " അന്നും അവൻ ഇന്നത്തെപ്പോലെ മെല്ലെ ചിരിക്കുമായിരിക്കാം