2013, ഡിസംബർ 22, ഞായറാഴ്‌ച

പുതിയതൊന്ന്

എഴുതിയതൊന്നിനും മൂര്‍ച്ച പോരത്രേ 
എഴുതിയതൊക്കെ പഴയതാണത്രെ 
ഇനിയെഴുതാന്‍ എന്താണ് നീ ബാക്കി വെച്ചത് 
കാലം നിനക്കുത്തരം നല്‍കട്ടെ 
മൂര്‍ച്ച കൂട്ടി രാകി മിനുക്കിയൊരുക്കി 
ഒരു കത്തി ഞാന്‍ പണിയിച്ചിട്ടുണ്ട് 
അതില്‍ ജീവന്‍റെ രക്തം പുരട്ടും പിന്നെ 
ആത്മാവിനെ ആവാഹിക്കും 
പിന്നെ ഞാനെഴുതും ഇതുവരെ ആരും 
എഴുതാത്ത കഥ എഴുതാത്ത കവിത 
അന്ന് നീ പറയും ഇത് അഗ്നിയാണ് 
ഇതിന്‍റെ ചൂട് നിനക്കസഹനീയമെന്ന് 
പൊട്ടിച്ചിരിക്കണം എനിക്ക് ഉറക്കെയുറക്കെ 
നിന്‍റെ നിസ്സഹായത കണ്ടുറക്കെയുറക്കെ 
അലറിക്കരയുകയാവാം നീ അപ്പോള്‍ 
സഹതാപം അല്പം പോലുമില്ലാതെ ഞാന്‍ 
വീണ്ടും മൂര്‍ച്ച കൂട്ടിയെന്‍റെ കത്തിയെടുക്കും 
ചോദ്യങ്ങള്‍ ഒന്നൊന്നായ് ഞാന്‍ ഉറക്കെ ചോദിക്കും 
ഓരോന്നിനും എന്‍റെ കത്തിയുടെ ഓരോ വരയിടും 
മേല്‍മുണ്ട്‌ മാറ്റിയെന്‍ ചാരിത്ര്യം കവര്‍ന്നത് 
ലോകത്തെ അറിയിച്ചതാണോ മൂര്‍ച്ചയില്ലാത്ത കൃതി 
അതോ കുഞ്ഞിനെ അച്ഛനെ ഏല്‍പ്പിച്ചു പോകവേ 
അയാളിലെ കാമം അറിയാതെ പോയതോ 
ഇനിയുമേറെ ഉണ്ട് മൂര്‍ച്ചയില്ലാത്ത എന്‍റെ കവിതയില്‍ 
പ്രണയം പണയപെടുത്തിയതും അയാളിലെ 
കാമലാഭത്തിനു ഈ ശരീരമേകിയതും 
ഒടുവിലെന്നെ മറന്നവളെ പ്രാപിച്ചവനെ വെട്ടിക്കൊന്നതും 
പ്രാന്തിയെന്നും ഭ്രാന്തിയെന്നും പല നാമങ്ങള്‍ തന്നതും 
അങ്ങനെ പലതുമുണ്ട് മൂര്‍ച്ചയില്ലാത്ത എന്‍റെ കവിതയില്‍ 
ഇനി മൂര്‍ച്ച കൂട്ടാം ഞാന്‍ 
എഴുത്തിലെ വാക്കിലോ അക്ഷരത്തിലോ അല്ല 
ജീവനില്‍ മൂര്‍ച്ച കൂട്ടാം ഞാന്‍ 
നിന്‍റെ കഴുത്തിലെ പിടയുന്ന ഞരമ്പിലും 
മിഴിച്ചു നില്‍ക്കുന്ന കണ്ണിലും പിന്നെ 
പ്രാണഭയത്തിലും നോക്കി നില്‍ക്കവേ  ഇതാ 
എന്‍റെ വാക്കിലും നോക്കിലും മൂര്‍ച്ച കൂടുന്നു 
മനുഷ്യാ നിന്‍റെ ലോകം വെറുക്കുന്നു ഞാന്‍ 
ആത്മാര്‍ഥത തെല്ലുമില്ലാത്ത കാപട്യം മാത്രം 
കൈമുതലാക്കുന്ന ലോകമേ നിനക്കിതാ 
എന്‍റെ മൂര്‍ച്ച കൂടിയ അക്ഷരത്താല്‍ ഒരു വര 
സര്‍വ്വം ശാന്തം ...ഇനി പുതിയതൊന്ന് 
ഈ വര ..ഇനി ...മൂര്‍ച്ചയുള്ള ഈ വര 
പുതിയത് തേടുന്ന മനുഷ്യന് വേണ്ടി മാത്രം 
പ്രാണന്‍ പിടഞ്ഞു തീര്‍ന്നു ...കവിത മരിച്ചു 
ഇനി ....ഇനി പുതിയതൊന്ന് 

7 അഭിപ്രായങ്ങൾ:

വന്നതല്ലേ വല്ലതുമൊന്ന് എഴുതീട്ട്‌ പോക്കൂടെ ...ചിലപ്പോള്‍ ഞാന്‍ നന്നായേക്കും ...