2023 മേയ് 26, വെള്ളിയാഴ്‌ച

അവൻ

ഓരോ ചുംബനങ്ങൾ അവനിൽ നിന്നും ഏറ്റു വാങ്ങുമ്പോളും ഓരോ മിന്നൽപിണരുകൾ അടിവയറ്റിലൂടെ കടന്നു പോകുന്നത് അവൾ അറിഞ്ഞിരുന്നു. അത്രമേൽ തണുത്തുറഞ്ഞ ശൈത്യം ഹൃദയത്തിൽ പേറി നടന്നവളോട് നീ പ്രണയിക്ക് പെണ്ണേ എന്ന് പറഞ്ഞവൻ. ആ മഞ്ഞുരുകി അവളൊരു കടലായി മാറുമ്പോൾ ഒക്കെയും കൂടെ പ്രണയാഗ്നിയായി അവളെ കടലാക്കി നിലനിർത്തിയവൻ.

അവനു വേണ്ടി മാത്രമെഴുതാൻ അക്ഷര ദാരിദ്ര്യം അനുഭവിച്ചവൾ. അവൻ പഠിപ്പിച്ചത് അവനെ പ്രണയിക്കാൻ മാത്രമായിരുന്നില്ല. ഈ ലോകത്തെ മുഴുവനും സ്നേഹിക്കണമെന്നും  ഓരോരുത്തർക്കും അർഹിക്കുന്നത് നൽകണമെന്നും പിന്നെ നിന്നെ ലോകം ഇഷ്ടപ്പെടാൻ നീയെന്തു ചെയ്യണമെന്നുമൊക്കെ ആയിരുന്നു.

സ്നേഹചുംബനവൻ മൂർദ്ധാവിൽ നൽകുമ്പോൾ അവളൊരു കുട്ടിയായി മാറി. പിന്നെയവൻ ചുണ്ടിൽ ചുംബിച്ചവളെ കാമുകിയാക്കി.മെല്ലെ മെല്ലെ ജീവിതസഖിയും ഭാര്യയും അമ്മയുമൊക്കെയായി മാറുമ്പോൾ അവനായി തന്നെ മാറ്റപ്പെടുകയായിരുന്നു അവളും.

വളരെ തിരക്കുള്ള വഴിയിലൂടെ അവന്റെ ചെറു വിരൽ പിടിച്ചു നടന്നു പോകുന്നതും, ആരുമില്ലാത്ത വഴിയിൽ അവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതും, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ അവനുമായി രതിയിലേർപ്പെടുന്നതും അവളുടെ കേവല ദിവാസ്വപ്നങ്ങൾ മാത്രമായിരുന്നില്ല. ജീവിക്കാൻ അവൾ കണ്ടെത്തിയ പ്രതീക്ഷാ നാളങ്ങളായിരുന്നു.

എഴുതാൻ മടിച്ചവൾക്ക് എഴുതി തീർക്കാനാവാത്ത പ്രണയ കാവ്യമായി അവൻ. ഒടുവിലൊരു ദിനം അവൻ അവളുടെ അരികിലെത്തുമ്പോൾ പറയാൻ ഇനിയും പറഞ്ഞു തീരാത്ത ഒരു രഹസ്യം അവളിന്നും സൂക്ഷിക്കുന്നുണ്ട്. പുതുമണം മാറാതെ അന്നും അവൾ അവനോടു മെല്ലെ ചെവിയിൽ പറയും " ഞാൻ നിന്നെ പ്രണയിക്കുന്നു എന്റെ ആത്മാവിനേക്കാൾ..എന്നേക്കാൾ ...നീയെന്നെ സ്നേഹിക്കുന്നതിലപ്പുറം " അന്നും അവൻ ഇന്നത്തെപ്പോലെ മെല്ലെ ചിരിക്കുമായിരിക്കാം 

2022 ജൂൺ 28, ചൊവ്വാഴ്ച

പെണ്ണ്

  ലിംഗനിർണയം നടത്താനാവാതെ 

ഭ്രൂണഹത്യയിൽ ഒടുങ്ങാതെ പിറന്ന പെണ്ണ് 


കാലം ആണത്തം വെച്ച് നീട്ടിയപ്പോൾ 

ഉള്ളിൽ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞ പെണ്ണ് 


അവൾ പെണ്ണായി എന്നൊരിക്കൽ മാത്രം കേട്ട

ആണായി ജീവിച്ച പെണ്ണ് 


പ്രാരാബ്ധഭണ്ടാരം ശിരസ്സിലേറ്റി സ്വയം 

കരുത്താർജ്ജിച്ചു ജീവിച്ച പെണ്ണ് 


എടിയെന്ന് വിളി കേൾക്കാൻ മോഹിച്ചപ്പോളൊക്കെ 

എടാ വിളിയിൽ തകർന്ന പെണ്ണ് 


പെണ്ണാവാൻ മോഹിച്ചവൾ പക്ഷെ 

പെണ്ണായി മാത്രം ജീവിക്കാത്തവൾ 


ഇന്നവൾ ശിരസ്സുയർത്തി നാണം മറന്നു 

പുരുഷത്വം കൈക്കൊണ്ടു മെല്ലെ മെല്ലെ 


പെണ്ണല്ല ഞാൻ എന്നുറക്കെ പറഞ്ഞ് 

ഉള്ളിലെ പെണ്ണിനെ ഹോമിച്ചവൾ  

2019 ഏപ്രിൽ 3, ബുധനാഴ്‌ച

ഒറ്റമരം

ഒറ്റമരം ..
ആരോ വലിച്ചെറിഞ്ഞതാവാം
അതോ മനപ്പൂര്‍വ്വം കൊണ്ടിട്ടതോ ?
ഏതോ കാറ്റ് പ്രണയപൂര്‍വ്വം തന്ന
സ്നേഹഫലത്തെ പൊഴിച്ചിട്ടതും
ദൂരെയവന്‍ എന്നെപ്പോലെയാവാം
വളരുന്നതെന്നോര്‍ത്ത് ആശ്വസിച്ചും

ഒറ്റമരം
വെയില്‍ച്ചൂടും പൊടിക്കാറ്റും
മഞ്ഞും മഴയുമേറ്റ്
നിനക്കുവേണ്ടി മാത്രമെന്നുറക്കെ
കരഞ്ഞു കരഞ്ഞ് ഒടുവില്‍ തളര്‍ന്നും
എവിടെയോ നീയെന്ന പുണ്യത്തെ
പ്രാണനില്‍ ചേര്‍ത്ത് മാത്രം
ജീവനെടുക്കാതെ ഒടുങ്ങാതെ
ഒറ്റമരം 

2016 ജൂലൈ 12, ചൊവ്വാഴ്ച

കുടുക്ക

സ്വപ്‌നങ്ങള്‍ ഇട്ടുവെക്കാന്‍ ഒരു മണ്‍കുടുക്ക വാങ്ങി 
ഒറ്റമുഖമുള്ള കൈകാലുകള്‍ ഇല്ലാത്ത കുടുക്ക 
വായിലൂടെ വയറിലേക്ക് എന്നൊരു ഉറപ്പിന്മേല്‍ 
എന്‍റെ സ്വപ്ന നാണയങ്ങള്‍ ഞാന്‍ വാരി നിറച്ചു 

ഇടയ്ക്കെപ്പോഴോ ആ കുടുക്കയുടെ ഭാരം കുറഞ്ഞു 
തോന്നലെന്നു കരുതി കുലുക്കി ഓരം ചേര്‍ത്ത് വെച്ചു 
ഭാരം കുറഞ്ഞു വന്നു ..സ്വപ്നം കൂടിയും ...
അരുതാത്തത് എന്തോ എന്ന് മനം പറഞ്ഞപ്പോള്‍ ..
ഇല്ല ..ഇതെന്‍റെ സ്വപ്നം  ..എന്നെ ചതിക്കില്ല എന്നുറച്ചു 

കുടുക്കയുടെ ഭിത്തിയില്‍ വിള്ളലുകള്‍ വീണു 
അത് വെച്ച മേശയില്‍ ചിതലരിച്ചു ...എന്നിട്ടും 
സ്വപ്ന നാണയങ്ങള്‍ ഞാന്‍ വീണ്ടും നിറച്ചു 
മേശയുടെ കാലുകള്‍ നിലംപതിച്ചു... കൂടെ ..
എന്‍റെ സ്വപ്ന ഭാരം പേറിയ കുടുക്കയും .....

വിള്ളലുകള്‍ ഭിത്തിയെ വേര്‍പിരിച്ചു ....പിന്നെ.. 
സ്വപ്‌നങ്ങള്‍ അത്രയും ചിതറിത്തെറിച്ചു ...
നിറ കണ്ണുകളോടെ ഞാന്‍ വാരിയെടുക്കുമ്പോള്‍ 
എണ്ണിയാല്‍ തീരുന്ന കുറച്ചു സ്വപ്‌നങ്ങള്‍ മാത്രം 

എന്‍റെ ബാക്കി സ്വപ്‌ന നാണയങ്ങള്‍ ഇന്നെവിടെ? 
ചുറ്റുമൊരു ഭ്രാന്തിയെപ്പോല്‍ പരതിക്കരയുമ്പോള്‍ 
ഒരു മിന്നല്‍ ...എന്‍റെ പ്രജ്ഞയും മോഷ്ടിച്ചു കടന്നു

2016 മേയ് 9, തിങ്കളാഴ്‌ച

ന്‍റെ ....ചോന്ന കുന്നിക്കുരു

പഴയ പൊതി ഇപ്പോള്‍
തിരിച്ചും മറിച്ചും നോക്കി 
മെല്ലെ പൊതിയഴിച്ചു
പഴയ ഗന്ധം മാറിയില്ല
പഴയ കടലാസിന്റെ
 പഴകിയൊരു മനസ്സിന്‍റെ
ആ ഗന്ധം ചിരപരിചിതം
കുന്നിക്കുരുക്കള്‍ ചിതറി
വാരിയെടുത്തില്ല ഒന്നും
ധൃതി പിടിച്ചു നോക്കിയില്ല
മെല്ലെ ഒരെണ്ണം കയ്യിലെടുത്തു
ഒരു വശം ചുവപ്പ് തന്നെ
അപ്പോള്‍ മറു വശമോ
തിരിച്ചു നോക്കിയപ്പോള്‍
അതെ ..കറുപ്പ് തന്നെ
ഇത് ശരിയല്ലലോ ..അതോ?
ഇല്ല ..അയാള്‍ കള്ളം പറയില്ല
വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ
വാക്കുകള്‍ പോലെ മനസ്സ് പോലെ
കറുപ്പ് കലര്‍ന്നതാവുമോ
അയാള്‍ പറഞ്ഞത്
മുഴുവന്‍ ചുവന്നുവെന്നാണ്
അന്ന് ഞാന്‍ നോക്കിയതല്ലേ
അയാള്‍ കള്ളം പറയുകയില്ല
പിന്നെയീ കറുപ്പ് ...
ഇതെങ്ങനെ വീണ്ടുമെത്തി?


2016 മാർച്ച് 27, ഞായറാഴ്‌ച

എന്‍റെ ആത്മാവിന്

ഒരു മനസ്സ് കളഞ്ഞു പോയിരിക്കുന്നു
നിറമില്ലാത്ത.... ഗന്ധമില്ലാത്ത
ആകര്‍ഷണീയത തീരെയുമില്ലാത്ത
ഒരു മനസ്സ് കളഞ്ഞു പോയിരിക്കുന്നു

നീയെടുത്തുവെന്നു ഞാന്‍ പറയുകയില്ല
പക്ഷെ നിനക്കതിനെ കണ്ടാലറിയും
ഒരുപക്ഷേ അറിയാതെ വന്നാല്‍ നീ
മെല്ലെ ചെവിയോര്‍ക്കണം അപ്പോള്‍
അത് നിന്‍റെ പേര് പറയുന്നുണ്ടാവും

ഒരു അസ്വാഭാവികതയും നിനക്ക് തോന്നരുത്
അതിന്‍റെ ഉടമസ്ഥന്‍ നീ തന്നെ ആയിരുന്നു
ആ മനസ്സ് നിന്റെത് മാത്രമായിരുന്നു
നിനക്ക് വേണ്ടി തുടിച്ചോരാത്മാവ് അതിലും
ഉണ്ടായിരുന്നെന്ന്‍ നീ മാത്രം അറിയുക

ആരുമറിയാതെ എവിടെയെങ്കിലും കിടന്ന്
മുറിവേല്‍ക്കുകയെങ്കില്‍ ഒരു പക്ഷേ
നിന്‍റെ പേര് വിളിച്ചത് കരയുകയാവാം
ഒരു കാലത്ത് നിന്നെ സ്നേഹിച്ചിരുന്ന
ഇന്ന് നിന്റെ വെറുപ്പില്‍ ഉരുകുന്ന
അതിനു കരയുവാനേ കഴിയുള്ളൂ

നിനക്ക് പറയുവാന്‍ ന്യായമേറെ
അതിനുമുണ്ടാകും കുറെയൊക്കെ
എന്നിട്ടും ഒടുവില്‍ ഈ അടിയറവ്
അത് നീയറിയാന്‍ മാത്രം ഒടുവില്‍
ഏറ്റവുമൊടുവില്‍ പറയാം

ആ ശരീരം ഉപേക്ഷിച്ചതിന് യാത്രയാകാന്‍
അധികം ദൂരമില്ല എന്ന തിരിച്ചറിവ്
ഇഷ്ടമില്ലാഞ്ഞിട്ടും പോയേ തീരൂ എന്നവര്‍
വിധിയെഴുത്ത് കഴിഞ്ഞു ഇനി പാപം
പരിഹരിച്ചു മടങ്ങാം ...എന്നേക്കുമായ്

2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച

കറുപ്പും...വെളുപ്പും

വേനൽചൂടിന്‍റെ  താപമേറ്റെപ്പോഴോ

വാടിക്കരിഞ്ഞതോ പാതിശിരസ്സ്

കാണാതെ തേടിയ ബാല്യസ്മൃതിയുടെ 

ചോരച്ചുവപ്പ് കലർന്നോരുടലോ

ആരുമറിയാതെയീ ചെളിക്കുണ്ടിലായ്

ആ രഹസ്യം നീ പറയുവാൻ വന്നതോ 

അപ്പുറത്തെ പറമ്പിന്‍റെ  കോണിലായ്

പുണർന്നും പിരിഞ്ഞുമിണചേരുന്ന

പാമ്പുകൾക്കറിഞ്ഞീടുമോയീക്കഥ

അന്നൊരിക്കൽ രതിയെന്ന വെറിയോടെ

നമ്മൾ ഇണചേർന്ന തിക്തസ്മരണകൾ

അന്നുമീചോരചുവപ്പാർന്നുടലിൽ കിതപ്പ-

ടക്കി നിന്‍റെ  കറുത്ത മേനി വിയർത്തു

ജീവിതം കവിതയെന്നു ഞാനും പിന്നെ 

ജീവതാളമായ് നീയുമതിൽ ചേരുമെന്നും

മോഹങ്ങളും മന്ദവേഗത്തിലോടിയ ചിന്തയും

ചുവപ്പുനിറച്ച സ്വപ്നങ്ങളും പേറിഞാൻ 

കറുപ്പാ൪ന്ന നിൻകാപട്യമറിയാതെ

മറക്കാതെയിപ്പോളുംതിരികെനോക്കി നിൽപ്പൂ

വാക്കിലെ വിപ്ലവം നിശ്ചലമാകുമ്പോൾ

നേർത്തു പെയ്ത മഴയിലൂടെ ഞാൻ 

തട്ടിത്തടഞ്ഞുംവീണുമെഴുന്നേറ്റും

ഭൂമിയെപുൽകിയുണർന്നുറങ്ങുമ്പോൾ

വീണ്ടുമാകുന്നിക്കുരുവെന്നെതേടി

കാതമറിയാതെ വന്നതെന്തിനോ

ആരുമറിയാതെയീ ചെളിക്കുണ്ടിലായ്

ആ രഹസ്യം നീ പറയുവാൻ വന്നതോ